സത്യന്‍... ഭാവാഭിനയത്തിന്റെ പാഠശാല....മിമിക്രിക്കാര്‍ വേദികളില്‍അനുകരിച്ച് കാണിച്ച് ചുരുക്കി
ക്കളഞ്ഞ ആ രൂപത്തിന് അതിലുമെത്രയോ അര്‍ത്ഥതലങ്ങളുണ്ട്. സൂക്ഷമായ ഭാവാഭിനയത്തില്‍ ഈ അനശ്വര താരത്തെ കവച്ചുവയ്ക്കാന്‍ മറ്റൊരാള്‍ മലയാളത്തിലില്ല. മലയാളസിനിമയിലെ ഈ പ്രതിഭാ...ധനന്‍ മറഞ്ഞുപോയിട്ട് 15 നാല്‍പതുവര്‍ഷം തികയുന്നു. ജൂണ്‍ 15ന് ബുധനാഴ്ചയാണ് സത്യന്റെ നാല്‍പതാം ചരമവാര്‍ഷികം. ചിരിക്കുമ്പോള്‍ കണ്ണില്‍ ഹൃദയനൈര്‍മല്യമാണ് പ്രകാശിക്കുക, കോപം വരുമ്പോഴാകട്ടെ അത് കണ്ണുകളിലേയ്ക്ക് ഇരച്ചുകയറും. ഭാവങ്ങളുടെ ഏറ്റിറക്കങ്ങള്‍ ആ മുഖത്തുനിന്നും മലയാളികള്‍ വായിച്ചെടുത്തതാണ്. അറുപതുപിന്നിട്ട ഓരോമലയാളിക്കും ഗൃഹാതുരത്വത്തിന്റെ ഒരു പാട്ഓര്‍മ്മകള്‍ സമ്മാനിക്കുന്ന സത്യനും സത്യന്‍ സിനിമകളും പുതിയ തലമുറയുടെ പടിക്കുപുറത്താണ്. സിനിമയുടെ കെട്ടും മട്ടും ആസ്വാദനത്തിന്റെ ശീലങ്ങളും ചേരുവകളും മാറി മറിഞ്ഞ് നമ്മുടെ സിനിമ..സ്വത്വാന്വേഷണത്തിലാണിപ് പോള്‍.. 1912 നവംമ്പര്‍ 9ന് തിരുവനന്തപുരത്ത് ചെറുവിളാകത്തുജനിച്ച സത്യനേശന്റെ ബാല്യകൌമാരങ്ങള്‍ കഷ്ടപ്പാടിന്റേതായിരുന്നു. സ്‌കൂള്‍ അദ്ധ്യാപകന്‍, വക്കീല്‍ ഗുമസ്തന്‍, സെക്രട്ടറിയേറ്റില്‍ ക്‌ളാര്‍ക്ക്, ബ്രിട്ടീഷ് സൈന്യത്തില്‍ ഓഫീസര്‍ , സര്‍ സിപി യുടെ പോലീസ് സേനയില്‍ ഇങ്ങനെ ജീവിതവഴിയില്‍ എടുത്തഅണിഞ്ഞ വേഷങ്ങള്‍ നിരവധി. നാടകാഭിനയത്തിന്റെ ബലത്തില്‍ 1951ല്‍ ത്യാഗസീമ എന്ന സിനിമയില്‍ അഭിനയിച്ചു. ഒരു സിനിമനടന് വേണ്ടിയിരുന്ന നിറമോ, ഉയരമോ, സൗന്ദര്യമോ ഇല്ലാതെ തന്നെ സത്യനേശന്‍ മലയാള സിനിമയെ തന്റെ വരുതിയിലാക്കി. സര്‍ സി.പി യുടെ പോലീസില്‍ വില്ലന്‍ സ്വഭാവക്കാരനായ സത്യനേശന്‍ സിനിമയില്‍ ഒരുതികഞ്ഞ കലാകാരനായിരുന്നു. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരമാവധി സഹകരിക്കാനും സഹായിക്കാനും മനസ്സുള്ള തിരക്കുള്ള നടന്‍. ആത്മസഖിയിലെ നായകവേഷത്തില്‍ നിന്ന്... നീലക്കുയില്‍, പാലാട്ട് കോമന്‍, തച്ചോളി ഒതേനന്‍ , മുടിയനായപുത്രന്‍,ഭാര്യ, പഴശ്ശിരാജ,ഓടയില്‍ നിന്ന്, കാട്ടുതുളസി, യക്ഷി,അടിമകള്‍, മൂലധനം,നിങ്ങളെന്നെ കമ്മ്യൂണിസ്‌റാക്കി, ഒരുപെണ്ണിന്റെ കഥ, കടല്‍പ്പാലം, ചെമ്മീന്‍.....തുടങ്ങി നൂറ്റമ്പതോളം സിനിമകളില്‍ പ്രതിഭയുടെ അവിസ്മരണീയ സാന്നിധ്യമേകി സത്യന്‍ മലയാളസിനിമയെ അനുഗ്രഹിച്ചു. 1954ല്‍ പി.ഭാസ്‌കരനും രാമുകാര്യാടും ചേര്‍ന്നൊരുക്കിയ നീലക്കുയിലിലെ ശ്രീധരന്‍ എന്ന കഥാപാത്രത്തിന് രാഷ്ട്രപതിയുടെ രജതകമലം.മലയാളത്തിന് കിട്ടുന്ന ആദ്യത്തെ അംഗീകാരം കൂടിയാണിത്. പിന്നീട് കടല്‍പ്പാലം, ചെമ്മീന്‍ സിനിമകളുംദേശീയഅംഗീകാരങ്ങള്‍ നേടിത്തന്നു.ഇന്നത്തെപ്പോലെ അവാര്‍ഡുകളുടെ പെരുമഴക്കാലം അന്നില്ല. അവാര്‍ഡ് ഏര്‍പ്പെടുത്തി കാശടിക്കുന്ന ഏര്‍പ്പാടും അന്നില്ല. ഈ മഹാനടന്റെ സാമിപ്യം നേരിട്ടനുഭവിച്ച.ഹൈവോട്ടേജിന്റെ ലൈംലൈറ്റില്‍ സഹവര്‍ത്തിച്ച പ്രതിഭകള്‍ അസ്തമിച്ചുകൊണ്ടിരിക്കുന്നു. നടന്‍ മധു,ഷീല ,നവോദയ അപ്പച്ചന്‍ ,ടി ഇ. വാസുദേവന്‍,തുടങ്ങിയ പ്രശസ്തരായ അക്കാലത്തേയും സമാരാധ്യര്‍ക്ക് ഒരുപക്ഷേ ഏറെ ഓര്‍ത്തെടുക്കാനുണ്ടാകും സത്യനെന്ന നടനെകുറിച്ച്,മനുഷ്യനെ കുറിച്ച്. തന്റെ ജീവിതത്തിന്റെ അവസാനകാലം ചെലവിട്ട തിരുവനന്തപുരത്തെ സിതാര എന്ന വീട് ഓര്‍മ്മകളുടെ ഇരമ്പലുകളോടെ ഇപ്പോഴുമുണ്ട്.അര്‍ബുദത്തിന്റെ മാരക കോശങ്ങള്‍ ആക്രമിക്കുമ്പോഴും അഭിനയം മറന്ന് വിശ്രമിക്കാന്‍ തയ്യാറാവാത്ത ആ മഹാനടന്‍ മലയാള സിനിമയുടെ മുതല്‍ക്കൂട്ടാണ്. കാലം എത്ര പിന്നിട്ടാലും ഒറ്റ സിനിമാഭിനയംകൊണ്ട് നിലത്തുനില്‍ക്കാത്ത പുതിയകാലത്തെ നടന്‍മാര്‍ക്ക് കണ്ടുപഠിക്കാനുള്ള. അറിഞ്ഞുചെയ്യാനുള്ള ഒരുപാട് കാര്യങ്ങള്‍ അവശേഷിപ്പിച്ച് കടന്നുപോയ സത്യന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ഒരുപിടി മിഴിനീര്‍ പൂക്കള്‍ അര്‍പ്പിക്കാം.
No Response to "സത്യന്‍... ഭാവാഭിനയത്തിന്റെ പാഠശാല"
Post a Comment