സക്കര്‍ബര്‍ഗ് -ഗൂഗിള്‍ പ്ലസിലെ താരം







ഫെയ്ബുക്കിന് ബദലായി അവതരിപ്പിക്കപ്പെട്ട ഗൂഗിള്‍ പ്ലസ് എന്ന സൗഹൃദക്കൂട്ടായ്മയിലെ ഏറ്റവും ജനപ്രിയന്‍ ആരെന്നറിയുമോ. ഫെയ്‌സ്ബുക്കിന്റെയും ട്വിറ്ററിന്റെയും കാര്യംവെച്ച് ആഷ്ച്ചണ്‍ കുച്ചര്‍, ലേഡി ഗാഗ എന്നൊക്കെ പറയാന്‍ വരട്ടെ. സാക്ഷാല്‍ മാര്‍ക് സൂക്കര്‍ബര്‍ഗ് ആണ് ഗൂഗിള്‍ പ്ലസിലെ നായകന്‍! ഫെയ്‌സ്ബുക്ക് സ്ഥാപകനും മേധാവിയുമായ സക്കര്‍ബര്‍ഗിന് ഏതാണ്ട് 35000 സുഹൃത്തുക്കള്‍ ഗൂഗിള്‍ പ്ലസിലുണ്ട്.

ഇത്രയും സുഹൃത്തുക്കളുണ്ടെന്ന് പറഞ്ഞാല്‍ അതിനര്‍ഥം സക്കര്‍ബര്‍ഗ് പോസ്റ്റുചെയ്യുന്ന കാര്യങ്ങള്‍ 35000 പേര്‍ ഗൂഗില്‍ പ്ലസില്‍ പിന്തുടരുന്നു എന്നാണ്. ഗൂഗിളിന്റെ സ്ഥാപകരിലൊരാളും ഇപ്പോഴത്തെ മേധാവിയുമായ ലാറി പേജിന് ഗൂഗിള്‍ പ്ലസില്‍ ഇത്രയും ആരാധകരില്ല. അദ്ദേഹത്തിന് 24,000 സുഹൃത്തുക്കളാണുള്ളത്.

ഗൂഗിള്‍ പ്ലസിലെ പ്രൊഫൈലുകളുമായി ബന്ധപ്പെട്ട് സോഷ്യല്‍ സ്റ്റാറ്റിസ്റ്റിക്‌സ് എന്ന സേവനദാതാക്കള്‍ നടത്തിയ സര്‍വെയിലാണ് ഗൂഗിള്‍ പ്ലസിലെ ജനപ്രിയരുടെ വിവരങ്ങള്‍ വ്യക്തമായത്. ഗൂഗിള്‍ അതിന്റെ പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസ് അവതരിപ്പിച്ചിട്ട് ഒരാഴ്ച ആകുന്നതേയുള്ളൂ. പരീക്ഷണാര്‍ഥം പരിമിതമായ തോതില്‍ മാത്രമാണ് നിലവില്‍ ഗൂഗിള്‍ പ്ലസില്‍ ആളെ ചേര്‍ക്കാന്‍ അനുവദിക്കുന്നത്.

സക്കര്‍ബര്‍ഗിന്റെ പ്രൊഫൈല്‍ യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റേത് തന്നെയാണോ എന്നകാര്യം ഫെയ്‌സ്ബുക്കോ ഗൂഗിളോ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, സക്കര്‍ബര്‍ഗിന്റെ സുഹൃത്‌വലയത്തിലുള്ളവരില്‍ ഒട്ടേറെപ്പേര്‍ ഗൂഗിള്‍ പ്ലസില്‍ ചേര്‍ന്നിട്ടുള്ള ഫെയ്‌സ്ബുക്ക് ഉന്നതരാണ്. ഫെയ്‌സ്ബുക്കിലെ ചീഫ് ടെക്‌നോളജി ഓഫീസര്‍ ബ്രറ്റ് ടെയ്‌ലര്‍, പ്രോഡക്ട് മാനേജര്‍മാരിലൊരാളായ സാം ലെസ്സിന്‍ തുടങ്ങിയവരൊക്കെ അതില്‍ ഉള്‍പ്പെടുന്നു.

ഇന്റര്‍നെറ്റില്‍ ശക്തിപ്പെടുന്ന സോഷ്യല്‍ മീഡിയയുടെ ഗുണഫലങ്ങള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ചൂഷണം ചെയ്യാന്‍ എല്ലാവരും രംഗത്തുണ്ട്, ഗൂഗിളും ആപ്പളും മൈക്രോസോഫ്ടുമെല്ലാം. സോഷ്യല്‍ മീഡിയയുടെ ഗുണഫലങ്ങള്‍ ഏറ്റവും നന്നായി അനുഭവിക്കുന്ന കമ്പനി ഫെയ്‌സ്ബുക്കാണ്.

ഗൂഗിള്‍ പ്ലസിന്റെ ആവിര്‍ഭാവവും, അതില്‍ സക്കര്‍ബര്‍ഗ് എത്തി എന്നതും സോഷ്യല്‍ മീഡിയ രംഗം പുതിയൊരു കിടമത്സരത്തിന്റെ യുഗത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായി നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഫെയ്‌സ്ബുക്കിലെ ഒരാളുടെ വിവരങ്ങള്‍ ആവശ്യമെങ്കില്‍ ഗൂഗിള്‍ പ്ലസ് പോലൊരു പുതിയ സര്‍വീസിലേക്ക് മാറ്റാന്‍ സാധിക്കും. യൂസര്‍മാര്‍ക്ക് പുതിയ സര്‍വീസില്‍ തങ്ങളുടെ വിവരങ്ങള്‍ പുനര്‍നിര്‍മിക്കാനുമാകും. ഗൂഗിള്‍ പ്ലസിലേക്ക് ഫെയ്‌സ്ബുക്കിലെ വിവരങ്ങള്‍ മാറ്റാന്‍ സഹായിക്കുന്ന ഗൂഗിള്‍ ക്രോം ആഡ് ഓണ്‍ കഴിഞ്ഞ ചൊവ്വാഴ്ച ഫെയ്‌സ്ബുക്ക് മരവിപ്പിക്കുകയുണ്ടായി.

കമ്പനിയുടെ വ്യവസ്ഥകള്‍ ലംഘിക്കുന്നതുകൊണ്ടാണ് ഈ നടപടിയെന്ന് ഫെയ്‌സ്ബുക്ക് പറയുന്നുവെങ്കിലും, ഗൂഗിള്‍ പ്ലസിനെ അത്ര വിശാലമനസ്ഥിതിയോടെയല്ല ഫെയ്‌സ്ബുക്ക് സമീപിക്കുന്നത് എന്നതിന്റെ സൂചനയാണ് ഈ നടപടി.

അതേസമയം, ഗൂഗിള്‍ പ്ലസിനെ കൂടുതല്‍ വേദികളിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഗൂഗിള്‍ ഊര്‍ജിതമാക്കി. ഐഫോണിനും ഐപാഡിനും ആവശ്യമായ ഗൂഗിള്‍ പ്ലസ് ആപ്ലിക്കേഷനുകള്‍ ആപ്പിളിന് സമര്‍പ്പിച്ചു കഴിഞ്ഞു. നിലവില്‍ ഫെയ്‌സ്ബുക്കുമായി ആപ്പിള്‍ അത്ര നല്ല ബന്ധത്തിലല്ല. അതിന് തെളിവാണ് അടുത്തയിടെ അവതരിപ്പിച്ച iOS5 ല്‍ ഫെയ്‌സ്ബുക്കിന് പകരം ട്വിറ്ററിന് കൂടുതല്‍ ആനുകൂല്യം നല്‍കാന്‍ ആപ്പിള്‍ തയ്യാറായത്. ഈ സാഹചര്യം ഗൂഗിള്‍ പ്ലസിന് കൂടി അനുകൂലമാകുമോ എന്നത് അറിയാനിരിക്കുന്നതേയുള്ളു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് രംഗത്ത് മുമ്പ് ഗൂഗിള്‍ അവതരിപ്പിച്ച സര്‍വീസുകളെ (ഗൂഗിള്‍ ബസ്, ഗൂഗിള്‍ വേവ് ) അപേക്ഷിച്ച് മികച്ച സ്വീകരണമാണ് ഗൂഗിള്‍ പ്ലസിന് ലഭിക്കുന്നത്. സ്വകാര്യത സംബന്ധിച്ച പരാതികളും കുറവാണ്.

സുഹൃത്തുക്കളെ വ്യത്യസ്ത വലയങ്ങളിലാക്കാന്‍ സാഹായിക്കുന്ന ഫീച്ചറാണ്, ഫെയ്‌സ്ബുക്കിനെ അപേക്ഷിച്ച് ഗൂഗിള്‍ പ്ലസിലെ വലിയ മുന്നേറ്റമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. അതേപോലെ തന്നെ, പത്ത് സുഹൃത്തുക്കളുമായി ഒരേസമയം വീഡിയോ ചാറ്റിങ് സാധ്യമാക്കുന്ന 'ഹാങ്ഔട്ട്' ഫീച്ചറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ജിമെയിലിന്റെ ആരംഭത്തിലേതു പോലെ പ്രത്യേക ക്ഷണം അനുസരിച്ചാണ് ഗൂഗിള്‍ പ്ലസില്‍ തുടക്കത്തില്‍ പ്രവേശനം ലഭിക്കുക. ഫെയ്‌സ്ബുക്ക് മേധാവി സക്കര്‍ബര്‍ഗിനെ ആരാണ് ഗൂഗള്‍ പ്ലസിലേക്ക് ക്ഷണിച്ചതെന്ന് അറിവായിട്ടില്ല.

No Response to "സക്കര്‍ബര്‍ഗ് -ഗൂഗിള്‍ പ്ലസിലെ താരം"

Post a Comment

powered by Blogger | WordPress by Newwpthemes | Converted by BloggerTheme | Blogger Templates | Best Credit Cards