ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന ഷെവര്‍ലെ ബീറ്റ് ഡീസലിന്റെ വിശദാംശങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. നിരവധി സവിശേഷതകളുമായാണ് ബീറ്റ് വരുന്നത്. ഇന്ത്യയിലെ ഡീസല്‍ കാറുകളില്‍വച്ച് ഏറ്റവും ചെറിയ കോമണ്‍ റെയ്ല്‍ ഡീസല്‍ എന്‍ജിനാണ് മുഖ്യ സവിശേഷത. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ഭാരംകുറഞ്ഞ ഡീസല്‍കാറും ബൂറ്റുതന്നെ. 24 കിലോമീറ്ററാണ് എ.ആര്‍.എ.ഐ സാക്ഷ്യപ്പെടുത്തുന്ന മൈലേജ്. ബീറ്റിനെക്കുറിച്ച് ഇനി അറിയാനുള്ളത് വില മാത്രം. വിലയും ഏറെ ആകര്‍ഷകമാവുമെന്നാണ് സൂചന.
ഇന്ത്യയ്ക്കുവേണ്ടി ജി.എം വികസിപ്പിച്ച ഈ ഡീസല്‍ എന്‍ജിന്‍ ലോകത്ത് മറ്റെവിടെയും കണ്ടെത്താനാകില്ല. ഫിയറ്റില്‍നിന്ന് ലഭിച്ച 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് എന്‍ജിനില്‍നിന്നാണ് ജനറല്‍ മോട്ടോഴ്‌സ് ഈ ഡീസല്‍ എന്‍ജിന്‍ വികസിപ്പിച്ചത്. എന്‍ജിന്റെ വലിപ്പം കുറച്ചതിനൊപ്പം ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലും ജി.എം വിജയിച്ചു. ജി.എം ടെക് ഇന്ത്യ, ജി.എം പവര്‍ട്രെയ്ന്‍ യൂറോപ് എന്നിവ സംയുക്തമായാണ് ഡീസല്‍ എന്‍ജിന്‍ വികസിപ്പിച്ചത്. ബീറ്റുകള്‍ നിര്‍മ്മിക്കുന്ന ചകനിലെ പ്ലാന്റില്‍ തന്നെയാവും ചെറിയ ഡീസല്‍ എന്‍ജിനുകളും നിര്‍മ്മിക്കുക.
പെട്രോള്‍ വേരിയന്റുകളിലുള്ള ഹൈഡ്രോളിക് പവര്‍ സ്റ്റിയറിങ്ങിന്റെ സ്ഥാനത്ത് ഇലക്ട്രോണിക് പവര്‍ സ്റ്റിയറിങ്ങാണ് ഡീസല്‍ ബീറ്റിലുള്ളത്. ടയറുകളുടെ വീതി ജി.എം നേരിയ തോതില്‍ കുറച്ചിട്ടുണ്ട്. അനായാസ ഗിയര്‍മാറ്റം സാധ്യമാക്കുന്ന തരത്തില്‍ ഗിയര്‍ബോക്‌സും നവീകരിച്ചിട്ടുണ്ട്. ഇവയൊഴിച്ചാല്‍ മറ്റെല്ലാം പെട്രോള്‍ ബീറ്റിലേതിന് സമാനമാണെന്നാണ് സൂചന. ഏറ്റവും അധികം സ്ഥലസൗകര്യമുള്ള ഇന്ത്യയിലെ ഹാച്ച്ബാക്കുകളില്‍ ഒന്നാണ് ഷെവര്‍ലെ ബീറ്റ്. 4.2 ലക്ഷംമുതലാവും ഡീസല്‍ ബീറ്റിന്റെ എക്‌സ് ഷോറൂം വില എന്നാണ് സൂചന. അതിശയിപ്പിക്കുന്ന സവിശേഷതകളുമായി ഷെവര്‍ലെ ബീറ്റ് ഡീസല്‍ ജൂലായ് 25 ന് വിപണിയിലെത്തും.
No Response to "ഏറ്റവും ചെറിയ ഡീസല്‍ എന്‍ജിനുമായി ബീറ്റ് വരുന്നു"
Post a Comment