ഹാരിപോട്ടറുടെ ആരാധ്യപുരുഷന്‍





ലോകം മുഴുവന്‍ പോട്ടര്‍മാനിയയില്‍ ഉലഞ്ഞുനില്‍ക്കുമ്പോള്‍, സാക്ഷാല്‍ ഹാരിപോട്ടര്‍ക്ക് ആരോടായിരിക്കും ആരാധന? ഡാനിയേല്‍ റാഡ്ക്ലിഫ് തന്റെ ആഗ്രഹം മറച്ചുവെക്കുന്നില്ല. മാസ്റ്റര്‍ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ് റാഡ്ക്ലിഫിന്റെ ആരാധ്യപുരുഷന്‍. സിനിമക്കാരനാകുന്നതിനുമുമ്പേ, സച്ചിന്റെ കടുത്ത ആരാധകനായി മാറിക്കഴിഞ്ഞിരുന്ന റാഡ്ക്ലിഫിന്റെ ജീവിതത്തിലെ അവിസ്മരണീയമായ ഓര്‍മകളിലൊന്ന് അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങാനായി സുഹൃത്തുക്കള്‍ക്കൊപ്പം ക്യൂനിന്നതാണ്. 

2007-ല്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്നതിനിടെയാണ് അതിനകംതന്നെ ഹാരിപോട്ടര്‍ സിനിമകളിലൂടെ അതിപ്രശസ്തനായിക്കഴിഞ്ഞിരുന്ന റാഡ്ക്ലിഫ് സച്ചിന്റെ ഓട്ടോഗ്രാഫിനായി ലോര്‍ഡ്‌സില്‍ കാത്തുനിന്നത്. തന്റെ പതിനെട്ടാം പിറന്നാള്‍ ദിനം ആ കാത്തിരിപ്പ് സഫലമായി. 
ഇംഗ്ലണ്ടിന്റെ ടെസ്റ്റ് വിജയത്തിലൂടെ പിറന്നാള്‍ ആഘോഷിക്കാനായില്ലെങ്കിലും, അതിലൊക്കെ വിലപ്പെട്ട സമ്മാനം കിട്ടിയതിലായിരുന്നു റാഡ്ക്ലിഫിന് സന്തോഷം. നോട്ടിങ്ങാമില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയിലാണ് അവസാനിച്ചത്. കുട്ടിക്കാലം മുതല്‍ക്ക് താന്‍ ആരാധിച്ചുപോന്ന മഹാനായ ക്രിക്കറ്റ് താരത്തിന്റെ ഓട്ടോഗ്രാഫ് കിട്ടിയപ്പോള്‍ റാഡ്ക്ലിഫിന് ആദ്യം തോന്നിയത് സച്ചിന്റെ ഒപ്പ് ഹാരിപോട്ടറിലെ സഹതാരങ്ങളായ എമ്മ വാട്‌സണെയും റൂപ്പെര്‍ട്ട് ഗ്രിന്റിനെയും കാട്ടി അവരെ അസൂയപ്പെടുത്തണമെന്നായിരുന്നു. 

ഹാരിപോട്ടര്‍ പരമ്പരയിലെ അവസാന സിനിമയായ 'ഹാരിപോട്ടര്‍ ആന്‍ഡ് ദ ഡെത്ത്‌ലി ഹാളോസ് ' രണ്ടാം ഭാഗം ലോകം കീഴടക്കുമ്പോഴും സച്ചിനോടുള്ള ആരാധന റാഡ്ക്ലിഫ് മറച്ചുവെക്കുന്നില്ല. ഇന്ത്യയില്‍ ലോകകപ്പ് നടക്കുമ്പോള്‍ ഇവിടെയെത്തി സച്ചിനെ കാണണമെന്ന് റാഡ്ക്ലിഫ് ആഗ്രഹിച്ചിരുന്നു. പക്ഷേ തിരക്കുമൂലം സാധിച്ചില്ല. എങ്കിലും അടുത്തുതന്നെ ഇന്ത്യയിലെത്തി ഇവിടത്തെ ആരാധകരെ നേരില്‍ക്കാണണമെന്ന് റാഡ്ക്ലിഫിന് മോഹമുണ്ട്. ഒപ്പം തന്റെ ആരാധനാ മൂര്‍ത്തിയായ സച്ചിനെ നേരില്‍ക്കാണണമെന്നും. 

റാഡ്ക്ലിഫിന് സച്ചിനെക്കാണാനുള്ള അവസരം ഇപ്പോള്‍ ഒരുങ്ങിയിട്ടുണ്ട്. രണ്ടുമാസം നീണ്ട പരമ്പരയ്ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലുണ്ടിപ്പോള്‍. ക്രിക്കറ്റിന് പുറത്ത് തീര്‍ത്തും വ്യത്യസ്തമായ മേഖലകളില്‍നിന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ആരാധകരേറുന്ന കാലമാണിത്. വേഗത്തിന്റെ പര്യായമായ ഉസൈന്‍ ബോള്‍ട്ട് അടുത്തിടെ താനൊരു സച്ചിന്‍ ഫാനാണെന്ന് വെളിപ്പെടുത്തിയിരുന്നു. 

സച്ചിന്‍ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി തികച്ചപ്പോള്‍ സാക്ഷാല്‍ റോജര്‍ ഫെഡറര്‍ അക്കാര്യത്തെക്കുറിച്ച് അതിശയത്തോടെ തന്നോട് സംസാരിച്ചതായി മഹേഷ് ഭൂപതി അടുത്തിടെ വെളിപ്പെടുത്തി. റോജര്‍ ഫെഡററെ ആരാധിക്കുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇക്കുറി വിംബിള്‍ഡണിലെത്തി ഫെഡററെക്കണ്ടതും ഇരുവരും ഏറെനേരം ക്രിക്കറ്റ് ചര്‍ച്ചചെയ്തതും വാര്‍ത്തകള്‍ കീഴടക്കിയതും അടുത്തിടെയാണ്.

No Response to "ഹാരിപോട്ടറുടെ ആരാധ്യപുരുഷന്‍"

Post a Comment

powered by Blogger | WordPress by Newwpthemes | Converted by BloggerTheme | Blogger Templates | Best Credit Cards